Thursday, December 11, 2008

മതവും മൌലികതയും

ഇന്ന് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയാണ് മതം. മനുഷ്യനെ മയക്കുന്ന കറുപ്പായിത്തന്നെ മതങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. ദുരവസ്ഥയിലേക്ക് മതങ്ങളെ വലിച്ചിഴച്ചതിനുത്തരവാദികൾ മതപുരോഹിതരും മതാനുയായികളും തന്നെയാണ്. തമ്മിലടിക്കാനുള്ള ഒരുപാധി മാത്രമായി മാറിയിരിക്കുന്നു മതം. മതം കല്പിച്ച ജീവിത മൂല്യങ്ങളിൽ നിഷ്കർശരല്ലെങ്കിലും മതങ്ങളെ ചൊല്ലി വാഗ്വാദങ്ങളിലും പോരാട്ടങ്ങളിലും വീരശൂരത്വം കാണിക്കുന്നു നാം.

സത്യത്തിൽ മതമെന്ന വിഭാഗീയതയിലല്ല നാം വിശ്വസിക്കേണ്ടത് അതിലുപരി മതം ചൂണ്ടിക്കാണിച്ച പരം പൊരുളായ ദൈവത്തിലാണ്. അവ അനുശാസിക്കുന്ന ജീവിതമൂല്യങ്ങൾക്കാണ് കൂടുതൽ പ്രസക്തി നൽകേണ്ടത്.

ജന്മം കൊണ്ട് ഏതെങ്കിലുമൊരു മതത്തിലുൾപ്പെടുകയും എന്നാൽ സ്വന്തം മതത്തെയോ അന്യമതങ്ങളെയോ കൂടുതലറിയാതെ, അടുത്തറിയാൻ ശ്രമിക്കുക പോലും ചെയ്യാതെ ജീവിത വിജയം പ്രതീക്ഷിക്കുകയും ചെയ്യുന്ന മൂഢരാണ് ഇന്ന് നാം. മാത്രമല്ല തന്റെ മതം പഠിപ്പിക്കുന്ന ആദർശങ്ങളോ, ലക്ഷ്യപൂർത്തീകരണതിന്റെ മാർഗ്ഗങ്ങളോ പോലും അറിയാതെ, മനുഷ്യരാശിയാകമാനം സ്വന്തം ചെയ്തികളുടെ ഫലമായി നാശത്തിന്റെ വക്കിലെത്തി നിൽക്കുമ്പോൾ പോലും തന്റെ മതത്തിന്റെ ഉൽകൃഷ്ടത മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന വിഡ്ഢിയാണ് മനുഷ്യനിന്ന്. ( പ്രകൃതി സ്രോതസ്സുകളെ ചൂഷണം ചെയ്യുന്നതിൽ മനുഷ്യന് വിഭാഗീയതയില്ലെന്നത് പോലെ പ്രകൃതിക്ഷോഭങ്ങളും മത-വർഗ്ഗ-സംസ്കാര വിഭാഗീയതകൾ കണക്കാക്കില്ല. )

ആചാരങ്ങൾ കണക്കിലെടുക്കുകയാണെങ്കിൽ ഉപരിപ്ലവമായ കർമ്മങ്ങളെക്കാൾ നാം പ്രാധാന്യം നൽകേണ്ടത് മനോധർമ്മങ്ങൾ നിയന്ത്രിക്കുന്നതിനാണ്. തന്റെ കർമ്മങ്ങൾ തന്നിലെന്തു പരിവർത്തനമാണുണ്ടാക്കുന്നത് എന്നു നാം ചിന്തിക്കാറില്ല. മതമനുശാസിച്ച സത്കർമ്മങ്ങൾ ചെയ്യുമ്പോഴും ദുഷ്ചിന്തകളിലും ദുഷ്ചെയ്തികളിലും അഭിരമിക്കുന്ന ഉൽകൃഷ്ട മതാനുയായികളാണു നാം. ദേവാലയത്തിനകത്തു പ്രവേശിക്കുമ്പോൾ നിമിഷങ്ങൾക്കകം മുഖം മൂടിയണിഞ്ഞ് സാക്ഷാൽ ദൈവത്തെ പറ്റിക്കുന്ന ബുദ്ധിരാക്ഷസരായ നമുക്കു മുന്നിൽ, അറയ്ക്കുള്ളിൽ - ദേവാലയത്തിലല്ല, കൊട്ടാരത്തിന്റെ ഒരു കോണിലെ എണ്ണമറ്റ മുറികളിലൊന്നിൽ - കണ്ണ് മൂടപ്പെട്ട ദൈവ പ്രതിഷ്ഠയ്ക്ക് കണ്ണു കാണാത്തപ്പോഴും രാജകുമാരിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതിരുന്ന ജോസഫ് ( യൂസുഫ് നബി ) വെറും വിഢ്ഢി.

ചെയ്യുന്ന ഓരോ സത്ക്കർമ്മവും നാം എണ്ണി തിട്ടപ്പെടുത്തി വെയ്ക്കുന്നു. ദൈവത്തോട് കണക്കു പറഞ്ഞ് പ്രതിഫലം വാങ്ങാനായിരിക്കാം, അല്ലെങ്കിൽ ദൈവം ശ്രദ്ധിക്കാതെയോ മറന്നോ പോകുമോ എന്ന ആശങ്കയിലായിരിക്കാം.

എന്റെ മതം മനുഷ്യന്റെ ഏകത്വമാണ്,

എന്റെ പ്രണാമം ആചാരങ്ങളുടെ നിരാസമാണ്

മതങ്ങൾ ഇല്ലാതായാൽ

വിശ്വാസം വിശുദ്ധമായി…“

ന്ന് പാടിയ ഇന്ത്യൻ കവിമിർസാ ഗാലിബിന്റെ വാക്കുകൾ

സ്വർഗ്ഗത്തിലെ തേനിനും വീഞ്ഞിനുമുള്ള കൊതിയാവരുത്

ആരാധനയുടെ അടിസ്ഥാനം

സ്വർഗ്ഗത്തെ പൊക്കിയെടുത്താരെങ്കിലും

നരകത്തിലേക്ക് വലിച്ചെറിയട്ടെ

..